കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക് - reji thomas
കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്
റെജി തോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ (ഹയര്‍ സെക്കന്ററി അദ്ധ്യാപകന്, ഒ.എല്‍.എല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ഉഴവൂര്‍).
പ്രാരംഭം
“ കഥയിലെന്തിരിയ്ക്കുന്നു” ? “കലയിലെന്തിരിയ്ക്കുന്നു”?. എന്ന് ചോദിക്കുന്നതുപോലെതന്നെയാണ്, കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്, അഥവാ, പ്രവാസികള്‍ക്കുള്ള പങ്ക് എന്താണ് എന്ന് ചോദിക്കുന്നത്? ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും അടങ്ങിയിരിയ്ക്കുന്നു എന്നുള്ളതാണ് ഇതിലെ ഏറ്റവും രസകരമായിട്ടുള്ള കാര്യം.
കേരള സമൂഹത്തിന്റെ അന്നും, ഇന്നും, എന്നും ഉള്ള വികസനത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്നത്, ഇവിടുത്തെ സ്വദേശിയരും (4 മില്യന്‍) വിദേശിയരും (4 മില്യന്‍) ആയിട്ടുള്ള പ്രവാസികള്‍ തന്നെയാണ് എന്നുള്ളതാണ്, അമിതര്ക്കിതമായിട്ടുള്ള ഏറ്റവും വലിയ 'അപ്രിയ സത്യം'
പക്ഷേ, ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്നവരും, മുതലെടുക്കപ്പെടുന്നവരും, കേരളത്തിന് വെളിയില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാലോ, മെച്ചപ്പെട്ട ജീവിതം തേടി പോകുന്ന, ഈ പാവം പ്രവാസികള്‍ എന്ന കൂട്ടരേയാണെന്നുള്ളതും മറ്റൊരു പ്രത്യേകം പ്രസ്താവ്യമായ മറ്റൊരു അപ്രിയസത്യം !!
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുക??
നമ്മള് മലയാളികള്‍ തന്നെ, കേരളത്തിന് അകത്തു ജീവിയ്ക്കുന്ന മലയാളികളേയും, കേരളത്തിന് വെളിയില്‍ ജീവിയ്ക്കുന്ന മലയാളികളേയും, രണ്ടു രീതിയില്‍ കാണുന്നു, കരുതുന്നു. സാധാരണ കേരളിയരുടെയെല്ലാം വിചാരം, പ്രവാസി മലയാളികള്‍ “പണംകായ്ക്കുന്ന മരങ്ങളാണെന്നാണ്”. പക്ഷേ ഈ നാടന്‍ മലയാളികളുണ്ടോ അറിയുന്നു, മറുനാടന്‍ മലയാളികള്‍ അവരുടെ വിയര്‍പ്പ് രക്തമാക്കി, രക്തസാക്ഷികളായിട്ട് അയയ്ക്കുന്ന പണമാണ്, കേരളത്തിന്റെ സാമ്പത്തികാടിത്തറയും, സാമ്പത്തിക വികസനത്തിന്റെ പ്രധാന അളവുകോലുമെന്ന്.
നിര്‍ഭാഗ്യവശാല്‍ കേരളത്തിന് “ദൈവത്തിന്റെ സ്വന്തം നാട്” എന്നുള്ള പേരും, വേരും എന്നേ നഷ്ടപ്പെട്ടു. മറിച്ച് “ഹര്‍ത്താലുകളുടെ സ്വന്തം നാട് ” വികസന വിരോധികളുടെ നാട് എന്നൊക്കെയായിട്ട് കേരളം അധഃപതിച്ചു. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടായിരിയ്ക്കും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വാമി വിവേകാനന്ദന്, “കേരളം ഒരു ഭ്രന്താലയ”മാണെന്ന് പറഞ്ഞത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഇപ്പോഴിതാ, കേരളം ആദരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്യസമരസേനാനിയായിട്ടുള്ള ശ്രീ: കെ.ഈ മാമ്മനും ഇത്തരം പേക്കൂത്തുകള്‍ കണ്ട്, ഇതേ പ്രസ്താവന (അപ്രിയസത്യം) ആവര്‍ത്തിച്ചത്. കാരണം, വികസനത്തിന് ഉതകുന്ന (conducire) ഒരു സാഹചര്യം, സ്വാതന്ത്യ പ്രാപ്തിയ്ക്ക് ശേഷം, കേരളത്തില്‍ ഉണ്ടായിട്ടേയില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രത്യക്ഷ ഉദാഹരണമാണല്ലോ, 2012- ഒക്ടോബര്‍ മാസം വരെ (2012- ജനുവരി മുതല്‍) കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ മാമാങ്കങ്ങള്‍ 17- കടന്നു. (പ്രാദേശിക ഹര്‍ത്താലുകളുടെ എണ്ണംകൂടി കൂട്ടുമ്പോള്‍ ഇതിനിരട്ടി വരും കേട്ടോ) പ്രവൃത്തി ദിനങ്ങളേക്കാള്‍, ഇത്രയും കൂടുതല്‍ അവധി ദിനങ്ങള്‍ ഉള്ള ഒരു സ്ഥലത്തെ ലോകത്തില്‍ മറ്റെവിടെയെങ്കിലും നിങ്ങള്‍ക്ക് കാണിച്ച് തരാമോ??
പ്രവാസികള്‍, കേരള സമൂഹത്തില്‍ വളരെ വലിയൊരു പങ്ക് വഹിയ്ക്കുന്നുണ്ട്, അവര്‍ക്ക് അവരുടെ ഉള്ളിന്റെയുള്ളില്‍ കേരളത്തിന് വേണ്ടി എന്തങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ, ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം, നല്ലയൊരു തൊഴില്‍ സംസ്കാരം, ഇല്ലേയില്ല എന്നതാണ്.
വീണ്ടും ഞാന്‍ നിങ്ങളോട് ഒരു കാര്യംകൂടി ചോദിക്കട്ടെ, “നോക്ക്കൂലി” എന്നുള്ള ഒരു വിചിത്ര പ്രതിഭാസം (ആഭാസം) നിലനില്‍ക്കുന്ന, മറ്റൊരു സ്ഥലം, അത് ലോകത്തില്‍ എവിടെയായാലും നിങ്ങള്‍ക്ക് കാണിച്ച് തരാമോ??.
അതുപോലെ മറ്റൊരു പ്രധാനകാര്യംകൂടി ഞാന്‍ ഇവിടെ ഉദ്ധരിക്കട്ടെ, കഴിഞ്ഞ മാസത്തെ കേരള സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നമ്മുടെയെല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ട, ഒരു നഗ്നസത്യം കൂടി വെളിപ്പെടുത്തി, എന്താണെന്നോ?
“മറ്റൊരിക്കലുമില്ലാത്ത വിധത്തില്‍, മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ കേരളത്തില്‍ വര്‍ഗീയതയും, ജാതീയതയും വളരുന്നു” എന്ന്
ഇത്തരമൊക്കെയുള്ള ചരിത്ര പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് വേണം, നമുക്ക് “കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്കിനെ” നോക്കികാണുവാന്‍.
ഉള്ളടക്കം
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണ് വേണം-
പന്നെ നാരായണക്കിളി കൂടുകൂട്ടിടുന്ന-
നാലുകാലോലപ്പുരയും വേണം”
വളരെ പ്രശസ്തതയിട്ടുള്ള നിര്മ്മാതാക്കാളായിട്ടുള്ള ബി.സി.ജി ബിള്ഡേയ്സ് പരസ്യവാചകങ്ങളാണ്, മുകളില്‍ അടിവരയിട്ടിട്ടുള്ളത്.
ഇനി, “Emerging Kerala” യുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എന്തെല്ലാം ശബ്ദകോലാഹലങ്ങളായിരുന്നു. എറണാകുളം നഗരത്തിലൂടെ യാത്രചെയ്താല്‍, ശരിയ്ക്കും ഒരു പട്ടാളബാരക്കിലുടെ കടന്ന് പോകുന്നതിന് തുല്യം. റോഡ് വക്കിലെ മതിലുകളിലേക്ക് നോക്കിയാലോ, Erasing Kerala, Kerala For sale, submerging Kerala, quit kerala എന്നിങ്ങനെ Emerging Kerala യ്ക്ക് എതിരായിട്ടുള്ള മുദ്രാവാക്യങ്ങള്‍. ഉരുളയ്ക്ക് ഉപ്പേരിപോലെ Emerging Kerala അവസാനിയ്ക്കുന്ന് അന്ന് ഒരു 'ഹര്‍ത്താല്‍' (ഒരു 'വിശേഷാല്‍ ഹര്‍ത്താല്‍')
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍, കേരള സമൂഹത്തിലും, സമൂഹത്തിന്റെ വികസനത്തിലും, പ്രവാസികള്‍ ഭാവിയില്‍ യാതൊരുവിധ താല്പര്യങ്ങളുമെടുത്തെന്ന് വരികയില്ല. കാരണം, വികസന നായകന് എന്നറിയപ്പെടുന്ന കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും കൂടുതല്‍ വികസന തല്പരനായ മുഖ്യ മന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി, എപ്പോഴും പറയാറുള്ളതുപോലെ, മലയാളികള്‍, പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍, വികസനത്തിനോട് എന്നും പുറം തിരിഞ്ഞ് നില്ക്കുന്നു, കൂടാതെ കേരളത്തെ ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുവാന്‍ (Investment Friendly State) ആക്കി മാറ്റുവാന്‍ അവ രൊന്നുംതന്നെ യാതൊരു വിധ താല്പര്യങ്ങളും, കാണിക്കുന്നുമില്ലാതാനം. അദ്ദേഹം ഇങ്ങനെ തുടരുന്നു,
“ആഗോളവല്‍ക്കരണം എന്നുള്ളത് ഒരു ഒഴിവാനാക്കാനാവാത്തതും പിറകോട്ട് പോകുവാനാകാത്തതുമായിട്ടുള്ളൊരു പ്രതിഭാസമാണ്. ഇതുകൊണ്ട്, പ്രവാസികള്‍ക്ക് നേട്ടങ്ങളും, കോട്ടങ്ങളും നേരിടേണ്ടിവരുന്നു. പക്ഷേ കോട്ടങ്ങളേക്കാള്‍ എത്രയേറെ നേട്ടങ്ങള്‍. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, 2011-ല്‍ പ്രവാസികള്‍ കേരളത്തിലേയ്ക്ക് 119965 കോടിരൂപയോളമാണ്. കേരളത്തിന്റെ G.O.P യുടെ 22% കൂടുതലും, SDP യുടെ നാലിരട്ടിയോളവും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം ചിലവഴിക്കപ്പെടുന്ന, ജീവനില്ലാത്ത വസ്തുക്കള്‍ക്ക് വേണ്ടിയും (മണ്ണ്, വീട്, സ്വര്‍ണ്ണം). ഇത്തരം പൈസായേ (ധനത്തെ) Gulf Money - Easy Money- Draft Money എന്നൊക്കെകൂടിയും വിളിക്കാറുണ്ട്.
തിരുവന്തപുരം കേന്ദ്രമാക്കിയുള്ള C.D.S.ന്റെ (Centre For Development Studies) Think tank കള്‍ ആയിട്ടുള്ള ഡോ.എസ്.ഇരുദയാ തജനും, ഡോ.കെ.സി സക്കറിയായും കൂടിയുള്ള ഒരു സംയുക്ത ഗവേഷണ പ്രബന്ധത്തില്‍, മറ്റൊരു പ്രധാനകാര്യം കൂടി അവര്‍ പറയുന്നുണ്ട്. കേരളത്തില്‍ നിന്നും, ഒരു വര്‍ഷം ജോലി തേടി വിദേശത്തേയ്ക്ക് പോകുന്ന മലയാളികളേക്കഴിഞ്ഞും (5ലക്ഷം), കൂടുതല്‍ മലയാളികള്‍ (9ലക്ഷം) ഓരോ വര്‍ഷവും കേരളത്തിലേയ്ക്ക് Settle ആകുവാന്‍ വരുന്നു, എന്നുള്ളത്, ഈ ലേഖന വിഷയത്തിന്റെ പാശ്ചാത്തലത്തില്‍, വളരെ ഗഹനവുമായിട്ട് തന്നെ കാണേണ്ടതാണ്. കാരണം, ഇത്രയധികം പേരുടെ പുനരധിവാസ പദ്ധതികള്‍, (Rehabitation Project) കേരളാ ഗവണ്മെന്റ് നടപ്പിലാക്കുന്നുണ്ടോ, ഇല്ലാ എന്നതാണ്, ഒറ്റവാക്കിലുള്ള എന്റെ മറുപടി.
ഡോ.തോമസ് എബ്രാഹം, (ചെയര്മാന്, Global organisation of people of Indian origin (Goplo)inc. പറയുന്നതുപോലെ, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും, മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായിട്ട്, 25 മില്യന്‍ ഇന്ത്യാക്കാരാണ് മറ്റ് വിദേശരാജ്യങ്ങളില്‍ കഴിയുന്നത്, അതില്‍തന്നെ 4 മില്യണോളം മലയാളികളാണ്. ഇത് മൊത്തം ഇന്ത്യാക്കാരുടെ 16%ത്തോളം വരും
കേരള സമൂഹത്തില്‍ മറ്റ് പല വിഭാഗങ്ങളോടും കാണിയ്ക്കുന്ന സ്നേഹവും, ആദരവും, പരിഗണനയും ഒന്നും തന്നെ പ്രവാസികളോട് കാണിയ്ക്കുന്നില്ല എന്നുതന്നെയാണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്. ഞാന്‍ പലപ്പോഴും അവരെ ഉപമിക്കാറുള്ളത് കറിവേപ്പിലയേയാണ്. ആവശ്യം കഴിയുമ്പോള്‍, കറിവേപ്പിലയെടുത്ത് ദൂരെയെറിയുന്നു. പ്രവാസികളേയും, മറ്റ് കേരളിയര് കാണുന്നത് എന്നാണ് നിഷ്പക്ഷമായിട്ട് ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. കാരണം, അവരുടെ മിക്കവരുടേയും ജീവിത്തിന്റെ Prime time അവര്‍ കേരളത്തിന് വെളിയില്‍ തന്നെയാണ്. ചോര നീരാക്കി, രക്തം വിയര്‍പ്പാക്കി, ഇനി അതുമല്ലെങ്കില്‍ വിയര്‍പ്പ് രക്തമാക്കി, അവര്‍ തങ്ങളുടെ ഉറ്റവര്‍ക്കും, ഉടയവര്‍ക്കും വേണ്ടി ജീവിയ്ക്കുന്നു. പക്ഷേ തിരിച്ച്, ഒത്തിരി മോഹങ്ങള്‍ നെഞ്ചകത്തേറ്റി അവര്‍ വരുമ്പോള്‍ പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നത്, അവഗണനകള്‍ മാത്രം.
ലോക വൃദ്ധദിനത്തോനുബന്ധിച്ച് (1-10-12) അമ്പരപ്പിക്കുന്ന ഒരു കണക്ക് വായിച്ചു. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിലേ,യുവാക്കളുടേയും, യുവതികളുടേയും ഏകദേശം 78% ത്തോളം പേര്, തങ്ങളുടെ പഠനാവശ്യങ്ങള്‍ക്കും, ജോലിയോട് ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്ക്കുമായിട്ട്, തങ്ങളുടെ 18 വയസ്സിനും, 40 വയസ്സിനുമിടയില്‍ കേരളത്തിന് വെളിയിലേക്ക് പോകുന്നു, എന്ന് കണക്കുകള്‍ പറയുമ്പോള്‍, ഇന്ത്യയിലെ വൃദ്ധസദനങ്ങളുടെ എണ്ണത്തില്‍, ഏറ്റവും വലിയ സ്ഥാനം നമ്മുടെ ഈ കൊച്ച് കേരളത്തിനാണെന്നും, മറ്റൊരു കണക്ക് പറയുന്നു. വീണ്ടും നമ്മെ ഞെട്ടിക്കുവാന്‍ മറ്റൊരു കണക്ക് കൂടി, ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ളത് നമ്മുടെ കോട്ടയം ജില്ലയ്ക്ക്, ഒരു പക്ഷേ ഏറ്റവുമധികം പ്രവാസികള്‍ ഉള്ളതും, നമ്മുടെ ഈ കോട്ടയം ജില്ലതന്നെയാവാം.
ഉപസംഹാരം
1970-കള്‍ മുതല്‍ കേരള സമൂഹത്തെ കേരള സമൂഹമാക്കി മാറ്റിയത് പ്രവാസികള്‍ എന്ന ഒരു കൂട്ടര് എന്നതുകൊണ്ട് മാത്രമാണെന്ന്, നമുക്ക് എവിടെയും ഉച്ചത്തില്‍ വിളിച്ച് പറയുവാന്‍ കഴിയുന്നു. പക്ഷേ, നാം, ഈ പ്രവാസികളെ വേണ്ടവിധം പരിഗണിക്കാറുണ്ടോ, ആദരിക്കാറുണ്ടോ, അവരുടെ അഭിപ്രായങ്ങള്‍ മാനിക്കാറുണ്ടോ, കണക്കിലെടുക്കാറുണ്ടോ, അതുമല്ലെങ്കില്‍ ജനുവരിയിലെ (09) പ്രവാസിഭാരതീയ ദിവസാചരണത്തില് മാത്രം ഒതുങ്ങുക മാത്രമാണോ പുത-- എന്റെ വിരല്‍ നേരേ ചൂണ്ടുന്നത്. അണുശക്തിയേയും, ദേശീയതയേയുമൊക്കെ നമുക്ക് നന്മയ്ക്കായിട്ടും, വിനാശത്തിനായിട്ടും ഉപയോഗിക്കാം. എന്നു പറയുന്നതുപോലെയാണ്, പ്രവാസികളുടെയും അവസ്ഥയും (ദുരവസ്ഥയും). പ്രവാസികളേകൊണ്ട്, ഏറ്റവും കൂടുതല്‍ പ്രയോജനങ്ങള്‍ ഉണ്ടാക്കിയ ഒരു മുഖ്യമന്ത്രി നരേന്ദ്രമോഡിയും, സംസ്ഥാനം ഗുജറാത്തുമാണ്. അവിടെയാണ് പ്രത്യേകത വികസനത്തിന്റെ കാര്യം വരുമ്പോള്‍, അവിടെയവര്‍ ഒരിക്കലും രാഷ്ട്രിയംകൊണ്ടു വരാറില്ല. നിര്‍ഭാഗ്യവശാല്‍ സഹ്യനിപ്പുറം വന്നാല്‍, ശ്വസിക്കുന്നതുപോലും രാഷ്ട്രിയം.
കേരളത്തില്‍ വികസനത്തിനും, നിക്ഷേപത്തിനും ഉതകുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടണം. അതിനായിട്ട് ആദ്യമായിട്ടും, അവസാനമായിട്ടും, നല്ലയൊരു “തൊഴില്‍ സംസ്കാരം” ഇവിടെ രൂപപ്പെടണം. കേരളത്തിന്റെ ശാപം എന്താണ്, ഇവിടുത്തെ വളര്‍ന്ന് വരുന്ന വര്‍ഗീയതയും ജാതിയതയും, മദ്യപാനവുമൊക്കതന്നെ വേണ്ടേ, ഇതില്‍ നിന്നുമൊക്കെ നമുക്കൊരു മോചനം. അതിനായിട്ട് പ്രവാസികളേകൊണ്ടുള്ള പരമാവധി വികസനത്തിനായിട്ട്, ഭരണയന്ത്രവും (-)സുതാര്യമാവണം. കേരളസമൂഹത്തെ ലക്ഷ്യം വെച്ചുള്ള പ്രവാസികളുടെ വികസന സ്വപ്നങ്ങള്‍ എല്ലാംതന്നെ ചുവപ്പ്നാട് (-)കളില്‍ കുരുങ്ങിക്കിടക്കുകയാണ്.
എന്ന് വികസനക്കാര്യത്തില്‍, മലയാളി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവോ, അന്ന് മാത്രമേ പ്രവാസികള്‍ക്ക് കേരള സമൂഹത്തിന്റെ വികസനകാര്യത്തില്‍ കാര്യമായിട്ടുള്ളതും, എന്നാല്‍ നിര്ണ്ണയകവുമായിട്ടുള്ളൊരു പങ്ക് വഹിക്കുവാന്‍ കഴിയുകയുള്ളൂ. അന്ന്, ഓരോരോ മലയാളിയും, പ്രവാസിയും കേരളസമൂഹത്തിന്റെ --മാരായിട്ട് മാറും. അതു കാണുമ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് കവി, താന്‍ എഴുതിയ കവിതയുടെ ഈരടികള്‍ ഒരിക്കല്‍ കൂടി ആലപിക്കും.
ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാവണമന്തരംഗം-
കേരളമെന്ന് കേട്ടാലോ
തിളയ്ക്കണം ചോരഞരമ്പുകളില്‍
“കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്”
എന്ന വിഷയത്തെ അധികരിച്ച്, കേരളാ പ്രവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്രതലത്തില്‍ നടത്തപ്പെട്ട ലേഖന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലേഖനം